Wednesday, September 9, 2015

നിഴലാട്ടം!

ഒരുപാട് അന്വേഷിച്ചു, തളര്‍ന്നു... ഇനി വിശ്രമിക്കണം.
ശല്യങ്ങള്‍, ഒന്നു വിശ്രമിക്കണം എന്നു വിചാരിച്ചാല്‍ അപ്പൊ കയറി വന്നോളും, എല്ലാത്തിനെയും അവഗണിച്ചു, അവര്‍ തനിയെ പുറത്തിറങ്ങി പോയി.
വാതിലുകള്‍ അഞ്ചും അടച്ചു. ഇനി ആരും വരണ്ട!
പതുക്കെ പുറത്തെ മുറീകളില്‍ നിന്ന് ഏറ്റവും ഉള്ളിലെ മുറിയിലെത്തി.
വെളിച്ചം, അനുപമമായ വെളിച്ചം! ഈ വെളിച്ചം ലഭിക്കാനാണോ ഞാന്‍ ഇത്രയും കാലം വാതിലുകള്‍ തുറന്നിട്ടത്!! പുറത്തു കണ്ടതെല്ലാം അകത്തും! ഇതിനാണോ പുറത്തെല്ലാം അലഞ്ഞു നടന്നത്!!
അപ്പോള്‍ ഇത്രയും കാലം പുറത്തു കണ്ടത് നിഴലായിരുന്നു! എല്ലാം അകത്തുണ്ടായിരുന്നു! ഇരുട്ട് പുറത്തായിരുന്നു, വെളിച്ചം അകത്തും! എന്നാലും അതൊരു ഒന്നൊന്നര വെളിച്ചം തന്നെയായിരുന്നു! നിഴലിന് ഇത്രയും വെളിച്ചമുണ്ടെങ്കില്‍ വെളിച്ചത്തിന് എന്തൊരു വെളിച്ചമായിരിക്കും!!!

യാത്രക്കാരുടെ ശ്രദ്ധക്ക്

സ്വര്‍ഗ്ഗത്തെ മോഹിച്ച യാത്രികരെല്ലാം
നരകത്തെയല്ലോ തീര്‍ത്തതുലകില്‍!
Passengers to Heaven,
Made life a Hell here!

വ്യക്തമായ അവ്യക്തത

സത്യം പറഞ്ഞാല്‍ വല്ലാത്ത ആശയക്കുഴപ്പത്തിലാണ്. പക്ഷെ എന്റെ ആശയക്കുഴപ്പത്തിന്റെ വ്യക്തത ഞാന്‍ മനസ്സിലാക്കുന്നത് എല്ലാ വിശദീകരണങ്ങളും അതിനെ വ്യക്തമാക്കുന്നതില്‍ പരാജയപ്പെടുമ്പോളാണ്!
To be frank, I am too confused. But I realize I have that much clarity in my confusion while all the explanations fail to clarify my confusion!

തൃപ്തി

ഇവിടെ നിന്നും ഒരുപാടു ദൂരെ, അങ്ങകലെ, മേഘങ്ങള്‍ക്കും പ്രപഞ്ച ഗോളങ്ങള്‍ക്കും അപ്പുറത്ത്, അരുവികളുടെ കളകളാരവം മുഖരിതമാക്കുന്ന, മാലാഖമാര്‍ പാടുന്ന, അല്ലലില്ലാത്ത, ശരിക്കും തെറ്റിനും അപ്പുറത്തെ ഒരു നാടുണ്ടത്രെ! അങ്ങോട്ടാണത്രെ നമ്മുടെയൊക്കെ യാത്ര!!!
എനിക്കു മനസ്സിലാകാത്ത കാര്യം ദിതാണ് :
ഇതിലേതാണു കുന്ത്രാണ്ട ലോകത്ത് ഇല്ലാത്തത്? അരുവികള്‍ ഇല്ലേ? കളകളാരവമില്ലേ? ഗാനഗന്ധര്‍വ്വന്‍മാരും വാനമ്പാടികളും ഇല്ലേ? മേഘമാലകളും സൂര്യനും ചന്ദ്രനും നക്ഷത്രജാലങ്ങളും ഇല്ലെ? എന്താണില്ലാത്തത്? ആരാണിവിടെ ശരിയും തെറ്റും അല്ലലുമെല്ലാം ഉണ്ടാക്കിയത്? ഇതൊക്കെയുണ്ടായിട്ടും കുറച്ചു കാലത്തേക്കു പോലും ഇവിടെ തൃപ്തിയോടെ, നിറവോടെ, ജീവിക്കാന്‍ പറ്റാത്തവര്‍ക്ക് സ്ഥിരമായിട്ട് അങ്ങനെ ഒരു സ്ഥലം കിട്ടിയാല്‍ എങ്ങനെ സന്തോഷം കിട്ടും?
അല്ല കിട്ടുമോ? കിട്ടും, കുന്ത്രാണ്ടം!!!

സര്‍വം കുന്ത്രാണ്ടമയം

കുന്ത്രാണ്ട ലോകത്തുള്ളവരെല്ലാം കുന്ത്രാണ്‍ടം തപ്പി കുന്ത്രാണ്ട ലോകം മുഴുവനലഞ്ഞു!
കണ്ടതെല്ലാം കുന്ത്രാണ്‍ടം...
കേട്ടതെല്ലാം കുന്ത്രാണ്‍ടം...
തൊട്ടതെല്ലാം കുന്ത്രാണ്‍ടം...
മണത്തതെല്ലാം കുന്ത്രാണ്‍ടം...
രുചിച്ചതെല്ലാം കുന്ത്രാണ്‍ടം...
എന്നിട്ടും കണ്ടില്ല, കേട്ടില്ല, തൊട്ടില്ല, മണത്തില്ല, രുചിച്ചില്ലത്രേ...
കുന്ത്രാണ്ടം കുന്ത്രാണ്‍ടമായി അവശേഷിച്ചു!!!
കുന്ത്രാണ്ട ലോകത്തുള്ളവര്‍ ഒരു കുന്ത്രാണ്ടത്തിനും കൊള്ളാത്തവരായി അവശേഷിച്ചു!!!

സൃഷ്ടി

ചെലര് പറയാ ഈ കുന്ത്രാണ്ടം ഇണ്‍ടാക്കീത് ഈശ്വരന്‍ ആണെന്ന്!
ചെലര് പറയുന്നു ഒരു വെല്യ കുന്ത്രാണ്ടം പൊട്ടിത്തെറിച്ച് ഇണ്ടായതാണെന്ന്!
എല്ലാ കുന്ത്രാണ്ടങ്ങളും ഇണ്‍ടാക്കീത് ഈശ്വരന്‍ ആണെങ്കി, ഇതൊക്കെ ഇണ്ടാക്കാനുള്ള കുന്ത്രാണ്‍ടം ലങ്ങേര്‍ ഹെവിടുന്നാണാവൊ ഒപ്പിച്ചത്?!!!
ഹല്ല ഇനീപ്പൊ പൊട്ടിത്തെറി ആണെങ്കി, ഈ പൊട്ടിത്തെറിച്ച കുന്ത്രാണ്‍ടം ആരുണ്‍ടാക്കി?!!!
പിന്നേം ചെലരു പറയാ, ഇവിടങ്ങനെ ഒരു കുന്ത്രാണ്ടോം ഇല്യ, ഒക്കെ വെറും തോന്നലാണെന്ന്!
"വല്ലാത്തൊരു കുന്ത്രാണ്ടം തന്നെ"